Nafeesa Jannat
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nafeesa Jannat, Health/Beauty, Jannat, Malappuram.
എൻ.പി.ഡി (Narcissistic Personality Disorder) - ഒരു നിശബ്ദ നരകം
ചില കുടുംബങ്ങളിലെ നിശബ്ദ ദുരന്തങ്ങളും തിരിച്ചറിയപ്പെടാത്ത ചതിക്കുഴികളുമാണ് എൻ.പി.ഡി (NPD) എന്ന മാനസികാവസ്ഥ.
ഒരു എൻ.പി.ഡി സ്വഭാവമുള്ള വ്യക്തിയോടൊപ്പം ജീവിക്കുന്നത് ഒരു നിശബ്ദ നരകമാണ്. അത് അനുഭവിക്കുന്നയാൾക്ക് മാത്രമേ അതിന്റെ ആഴം മനസ്സിലാകൂ. ഒരു എൻ.പി.ഡി വ്യക്തി എങ്ങനെയാണ് തന്റെ പങ്കാളിയെ പതുക്കെ പതുക്കെ തളർത്തിയിടുന്നത് എന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
പുറത്തുനിന്ന് നോക്കുന്നവർക്ക് അവർ മാതൃകാ ദമ്പതികളായിരിക്കും. അയാൾ സമൂഹത്തിന്റെ മുന്നിൽ സ്നേഹനിധിയായ ഭർത്താവും, മാന്യനായ മനുഷ്യനുമായിരിക്കും. എന്നാൽ ആ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ അയാളുടെ പങ്കാളി അനുഭവിക്കുന്നത് ഒരു അടിമയുടെ ജീവിതമായിരിക്കും...
പങ്കാളിയെ അടിമയെപ്പോലെ പണി ചെയ്യിക്കുകയും, വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും അവരുടെ മനസ്സിനെ തച്ചുടയ്ക്കുകയും ചെയ്യുമ്പോഴും, പുറത്തുള്ളവരുടെ മുന്നിൽ അവർ "സ്നേഹമുള്ളവനായ" ഒരു നല്ല മനുഷ്യന്റെ മുഖംമൂടി (Covert/Overt Mask) അണിഞ്ഞു നിൽക്കും. ആളുകൾ അയാളെ പ്രശംസിക്കുമ്പോൾ, "ഇത്രയും നല്ലൊരു മനുഷ്യന്റെ കൂടെയാണല്ലോ ഞാൻ ജീവിക്കുന്നത്, ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം എന്റെ ഭാഗത്താണോ തെറ്റ്?" എന്ന് സ്വയം സംശയിക്കുന്ന തരത്തിലേക്ക് (Gaslighting) നമ്മളെ അവർ എത്തിക്കും.
NPD ഉള്ളവർ സ്വന്തം അറിവും ആരോഗ്യവും സന്തോഷവും സ്വന്തം സ്വാർത്ഥതയ്ക്കായി മാത്രം ഉപയോഗിക്കുന്നു.
എൻ.പി.ഡി വ്യക്തികളുടെ പ്രധാന ലക്ഷണങ്ങൾ:
1. ഗ്യാസ്ലൈറ്റിംഗ് (Gaslighting - സ്വയം സംശയത്തിലാക്കുക):
നിങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെ പോലും "നിനക്ക് തോന്നിയതാണ്", "നിനക്ക് വട്ടാണ്" എന്ന് പറഞ്ഞ് അവർ നിങ്ങളെക്കൊണ്ട് തന്നെ സംശയിപ്പിക്കും. ഒടുവിൽ തെറ്റ് മുഴുവൻ നിങ്ങളുടെ ഭാഗത്താണെന്ന് നിങ്ങൾ വിശ്വസിച്ചു തുടങ്ങും.
2. ആത്മാഭിമാനത്തെ തച്ചുടയ്ക്കൽ:
നിങ്ങളുടെ കഴിവുകളെയും സന്തോഷങ്ങളെയും അവർ നിസ്സാരവൽക്കരിക്കും. "നീയൊന്നും ഒന്നിനും കൊള്ളില്ല" എന്ന് നേരിട്ടും പരോക്ഷമായും പറഞ്ഞ് നിങ്ങളുടെ ആത്മവിശ്വാസവും സ്വന്തം ശബ്ദവും പൂർണ്ണമായി ഇല്ലാതാക്കും.
3. ഒറ്റപ്പെടുത്തൽ (Isolation):
നിങ്ങൾക്ക് താങ്ങായി നിൽക്കുന്ന ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങളെ പതുക്കെ അകറ്റും. സ്വന്തം രക്ഷിതാക്കളോട് പോലും കാര്യങ്ങൾ തുറന്നുപറയാൻ പറ്റാത്തവിധം നിങ്ങളെ ഒറ്റപ്പെടുത്തും.
4. ഇരവാദം (Playing the Victim Role):
അവർ ചെയ്യുന്ന തെറ്റുകൾക്ക് പോലും നിങ്ങളെ കുറ്റക്കാരാക്കും. പുറത്തുള്ളവരുടെ മുന്നിൽ തങ്ങളാണ് ഇരയെന്ന് അഭിനയിച്ച് സമൂഹത്തിന്റെയും വീട്ടുകാരുടെയും പിന്തുണ അവർ നേടിയെടുക്കും. ഇത് കാരണം, സത്യം തുറന്നുപറയുന്ന പങ്കാളിയെ എല്ലാവരും "തെറ്റുകാരി" അല്ലെങ്കിൽ "അനുസരണയില്ലാത്തവൾ" ആയി മുദ്രകുത്തുന്നു.
തിരിച്ചറിയുക, മോചനം നേടുക!
നിങ്ങളെ അപമാനിക്കുന്നതും നിസ്സാരയാക്കുന്നതും അടിമയെപ്പോലെ നടത്തുന്നതുമെല്ലാം അയാളുടെ ഉള്ളിലെ അഹന്തയും (Ego) അസുഖകരമായ മനോഭാവവും കൊണ്ടാണ്. അത് നിങ്ങളുടെ മൂല്യക്കുറവ് കൊണ്ടല്ല. ആ അപമാനത്തിന്റെ ഭാരം ചുമക്കേണ്ടത് NPD ഉള്ള വ്യക്തിയാണ്.
ഒരു പങ്കാളിക്ക് ലഭിക്കേണ്ട കരുതലും പ്രണയവും ബഹുമാനവും കിട്ടാതെ പോകുന്നത് നിങ്ങളുടെ കുറവുകൾ കൊണ്ടല്ല. അത് നൽകാനുള്ള മനസ്സ് അവർക്ക് ഇല്ലാതെ പോകുന്നതുകൊണ്ടാണ്. നിങ്ങളുടെ വ്യക്തിത്വത്തെയും സ്നേഹത്തെയും ഉൾക്കൊള്ളാൻ അവർക്ക് പ്രാപ്തിയുണ്ടാവില്ല.
നിങ്ങളുടെ കൂടെയുള്ളയാൾ നിങ്ങൾക്ക് സമാധാനമല്ല, കടുത്ത സ്വയം സംശയവും അപമാനവുമാണ് നൽകുന്നതെങ്കിൽ... നാട്ടുകാരുടെ മുന്നിൽ അയാൾ എത്ര 'നല്ലവൻ' ആണെങ്കിലും നിങ്ങൾ അനുഭവിച്ച വേദന സത്യമാണ്.
പുറത്തുള്ളവർ കാണുന്നത് ആ മുഖംമൂടി മാത്രമാണ്. അയാളുടെ "നല്ലവൻ" ആയ മുഖം ലോകത്തെ പറ്റിക്കാനുള്ളതാണ്. ലോകം മുഴുവൻ അയാളെ പുകഴ്ത്തിയാലും, നിങ്ങൾ അനുഭവിച്ച വേദനയും അപമാനവും സത്യമായി തന്നെ നിലനിൽക്കും. ലോകത്തിന്റെ അംഗീകാരം അയാൾക്ക് കിട്ടുന്നു എന്നതിനർത്ഥം അയാൾ നല്ലവനാണ് എന്നല്ല.
വൈകിയാണെങ്കിലും ആ ചതിക്കുഴി തിരിച്ചറിയുക എന്നതാണ് ആദ്യത്തെ മോചനം. സ്വന്തം ആത്മാഭിമാനവും ജീവിതവും തിരികെ പിടിക്കാൻ വയസ്സോ സാഹചര്യങ്ങളോ ഒരു തടസ്സമല്ല.
ഇത് വായിക്കുന്നവരോട്...
"എന്തുകൊണ്ട് അന്നേ ഇറങ്ങിപ്പോന്നില്ല?", "എന്തുകൊണ്ട് സഹിച്ചു?" എന്നൊക്കെ പുറത്തുനിൽക്കുന്നവർക്ക് എളുപ്പത്തിൽ ചോദിക്കാം. എന്നാൽ വർഷങ്ങളോളം മാനസികമായി തളർത്തപ്പെട്ട ഒരു വ്യക്തിക്ക് അതിൽ നിന്ന് ഇറങ്ങിപ്പോരാൻ അപാരമായ ധൈര്യവും സമയവും, കൂടാതെ ജീവിക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വവും കുടുംബത്തിന്റെ സപ്പോർട്ട് വേണം. ❤️
അന്ത്യപ്രവാചകനിൽ അമുസ്ലിങ്ങളുടെ ആദരവ്, അവരുടെ തന്നെ ആത്മീയവും ബൗദ്ധികവുമായ തിരിച്ചറിവിന്റെ പ്രതിഫലനമാണ്. ✨
#ദുനിയാവ്
ഏതൊരു വീട്ടിൽ ചെന്നാലും ഖുർആൻ എടുക്കുമ്പോൾ മുപ്പത്തിയാറാമത്തെ അധ്യായമായ യാസീൻ സൂറത്തിന്റെ പേജുകൾക്കാണ് കൂടുതൽ പരിക്കുകൾ കാണാറുള്ളത്. ദുആകളിലും വിവിധ അവസരങ്ങളിലും ഏറ്റവും കൂടുതൽ കേൾക്കുന്നതും യാസീൻ തന്നെയാണ്.
അതുകണ്ട് മനസ്സിൽ ഒരു ചോദ്യമുയരും…
യാസീനിന് മുമ്പുള്ള ഫാത്വിർ സൂറയും നാം ഇതുപോലെ വായിക്കാറുണ്ടോ? മനുഷ്യനെയും അവന്റെ പ്രവർത്തികളെയും, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും, ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളെയും അത്രമേൽ വ്യക്തമായി ഓർമ്മിപ്പിക്കുന്ന ഒരു അധ്യായമാണ് അത്.
ഇത് യാസീന്റെ പ്രാധാന്യം കുറയ്ക്കാനല്ല; ഖുർആനിലെ ഓരോ സൂറയിലേക്കും നമ്മുടെ ഹൃദയം ഒരുപോലെ സഞ്ചരിക്കട്ടെയെന്ന ഒരു ആഗ്രഹം മാത്രം. മുഴുവൻ ഖുർആനും നമ്മുടെ വിരലുകളുടെ സ്പർശം അറിയട്ടെ.” 🤍📖🌿
#ഖുർആൻ #യാസീൻ #ഫാത്വിർ #ചിന്ത #ആത്മപരിശോധന #വായന
അമേരിക്കയുടെ മണ്ണിൽ കേരളത്തിന്റെ നിഴൽ കണ്ട നിമിഷങ്ങൾ…”
“ന്യൂയോർക്കിലെ വിഷു ആഘോഷത്തിലേക്ക് വിരുന്നുകാരിയായി കയറുമ്പോൾ, അമേരിക്കയിലാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായി.”
നാട്ടിൽ ഓണസദ്യകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിലും,
ഇത്രയും ഗംഭീരമായ ഒരു വിഷു ആഘോഷത്തിൽ പങ്കെടുക്കുന്നത് ആദ്യമായിരുന്നു.
കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നെത്തിയവർ അമേരിക്കയിൽ ഒരുമിച്ചപ്പോൾ…
അപരിചിതമായ മണ്ണിൽ പരിചിതമായ മുഖങ്ങൾ.
മലയാളിത്തം മനസ്സിൽ കുടിയിരുത്തിയ ഒരേ ഭാഷക്കാരുടെ കൂട്ടായ്മ.
ദൂരം എവിടെയായാലും വേരുകൾ ഒരേ മണ്ണിൽ തന്നെ.
വലിയൊരു സ്കൂൾ ഓഡിറ്റോറിയം നിറയെ മലയാളികൾ…
വേദിയിൽ, അമേരിക്കയിൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരും
സ്വന്തം നാടിന്റെ പൈതൃകം അഭിമാനത്തോടെ നിലനിർത്തുന്നത് കാണാൻ സാധിച്ചു.
ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾക്ക് ശേഷം
കൈനീട്ടം നൽകി ആഘോഷങ്ങൾക്ക് തുടക്കമായി.
ഉച്ചവരെ നീണ്ട മുഖ്യാതിഥികളുടെ പ്രഭാഷണങ്ങൾ
പുതിയ അറിവുകളും ചിന്തകളും പകർന്നു.
നാടിന്റെ പൈതൃകത്തെയും കുടുംബബന്ധങ്ങളുടെ മഹത്വത്തെയും കുറിച്ച്
അവർ പുതുതലമുറയെ ബോധ്യപ്പെടുത്തി.
അമ്മമാർ സ്നേഹത്തോടെ ഒരുക്കിയ രുചികരമായ സദ്യയ്ക്ക് ശേഷം,
കലാകാരന്മാർ കേരളത്തനിമ നിലനിർത്തുന്ന പാട്ടുകളും നൃത്തങ്ങളും കൊണ്ട്
ആഘോഷത്തിന് ജീവൻ നൽകി.
“നമ്മുടെ നാട് ലോകത്തിന് അഭിമാനമാണെന്നത്”
നേരിട്ടറിഞ്ഞ സന്തോഷം ഇവിടെ പങ്കുവ
21/04/2026
അമേരിക്കയിൽ വരാനായി ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല…
ജീവിതം തന്നെയാണ് ഇവിടെ എത്തിച്ചത്.
ഹൃദയത്തോട് ചേർത്തു വെച്ച സ്വന്തം നാടും വീടും വിട്ടു നിൽക്കേണ്ടി വന്നതിൽ വേദനയുണ്ട്.
നാട്ടിലേക്ക് വിളിക്കുമ്പോൾ, ഇവിടെ എത്തിയത് തന്നെ ഒരു തെറ്റായിപ്പോയി എന്ന പോലെ ചിലരുടെ പെരുമാറ്റം അനുഭവപ്പെടുന്നു.
“അച്ഛൻ ചെയ്ത തെറ്റിന് മക്കൾ എന്ത് പിഴച്ചു?” എന്ന പഴമൊഴിപോലെ…
എവിടെ ജീവിച്ചാലും, ഭരണാധികാരികളുടെ തീരുമാനങ്ങൾക്കിടയിൽ സാധാരണക്കാരായജനങ്ങൾക്ക് എന്ത് ചെയ്യാനാകും?
അമേരിക്കയെ കുറിച്ച് കേട്ടിരുന്നത് പലതും—
കുത്തഴിഞ്ഞ ജീവിതം…
കുടുംബബന്ധങ്ങൾക്ക് വിലയില്ല…
ആർക്കും എങ്ങനെ വേണമെങ്കിലും ജീവിക്കാം…
പക്ഷേ ഇവിടെ കണ്ട യാഥാർത്ഥ്യം അതിന്റെ എല്ലാം വിരുദ്ധമാണ്.
മക്കളെയും പ്രായമായ മാതാപിതാക്കളെയും ഉത്തരവാദിത്വത്തോടെ, സ്നേഹത്തോടെ ഇവർ നോക്കുന്നു.
പെറ്റ്സിനെയും അതേ കരുതലോടെ സംരക്ഷിക്കുന്നു.
ഒരു ജീവിയെ വളർത്താൻ തീരുമാനിച്ചാൽ, അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കണം.
ഭക്ഷണം, വാക്സിൻ, ഇൻഷുറൻസ് എല്ലാം കൃത്യമായി നൽകണം.
അവഗണിച്ചാൽ നിയമം തന്നെ ഇടപെടും.
നമ്മുടെ നാട്ടിലെ പോലെ ഇഷ്ടം പോലെ വളർത്തി പിന്നെ റോഡിൽ ഉപേക്ഷിക്കാൻ ഇവിടെ സാധ്യമല്ല.
മനുഷ്യർക്കുള്ളതുപോലെ തന്നെ ജീവികൾക്കുള്ള അവകാശങ്ങൾക്കും ഇവിടെ വിലയുണ്ട്.
ഇതെല്ലാം ആണെങ്കിലും,
പറയാനുള്ളത് ഒന്ന് മാത്രം—
യുദ്ധം ഒന്നിനും പരിഹാരമല്ല.
ഈ ഭൂമിയിൽ ജനിച്ച ഓരോ മനുഷ്യനും സമാധാനത്തോടെ ജീവിക്കണം.
അതിന് ഭരണാധികാരികളുടെ ഹൃദയം തുറക്കണം…
മനുഷ്യക്കുരുതി അവസാനിക്കണം.
“കള്ളമില്ലാത്ത വോട്ട്“
--------------------------------
സ്വന്തം നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടുകൾ രേഖപ്പെടുത്താൻ എത്തിയവരെ കാണിച്ചുകൊണ്ട് മാധ്യമ പ്രവർത്തകരുടെ ആരവങ്ങൾ ടിവിയിൽ പൊടിപൊടിക്കുകയാണ്. ഇവിടെ ഇപ്പോഴും ഞരമ്പുകൾ ഉറഞ്ഞുപോകുന്ന തണുപ്പ് തുടരുന്നു.
കേട്ടുകൊണ്ടിരുന്ന യുദ്ധത്തിന്റെ രക്തം മരവിപ്പിക്കുന്ന വാർത്തകൾക്കിടയിൽ, തിരഞ്ഞെടുപ്പിന്റെ ചൂടിൽ വിയർക്കുന്ന മനസ്സാക്ഷി നഷ്ടപ്പെട്ട വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.‘
എല്ലാം കേട്ട് കൊണ്ട് മരവിച്ച മനസ്സുമായി രാത്രിയുടെ പാതി തീരും വരെ ടിവിക്ക് മുന്നിൽ ചടഞ്ഞിരുന്നു.
രാജ്യം ഒന്നാകെ പോളിംഗ് ബൂത്തിൽ അണിനിരക്കുമ്പോൾ, അവരിൽ ഒരാളായി ബൂത്തിന്റെ മുറ്റത്ത് കാത്തുനിൽക്കാൻ പറ്റാത്ത വേദന വെളിപ്പെടുത്താൻ ഇവിടെ വാക്കുകൾ കിട്ടുന്നില്ല.
വന്ന് കിടന്നപ്പോൾ, ഉറക്കത്തിന് കൂട്ടായി വേദനയോ സന്തോഷമോ നിറഞ്ഞ ഓർമ്മകൾ കൂട്ടിനെത്തും. “ഇന്നും എത്തി…”
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിജി കൊല്ലപ്പെട്ടതിന്റെ പച്ചയായ വേദനകൾക്കിടയിലാണ് അരികിൽ ആ തിരഞ്ഞെടുപ്പ് കടന്നു വന്നത്.
ന്യൂഡൽഹിയിലെ കണ്ടോൺമെന്റിൽ താമസിക്കുന്ന ജവന്മാരുടെ കുടുംബങ്ങൾക്കിടയിൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടായ രണ്ടു സ്ത്രീകളിൽ ഒരാളായപ്പോൾ, അതൊരു വലിയ ഭാഗ്യമായി തോന്നി..!
ആ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. വോട്ട് ചോദിച്ചു വീട്ടിൽ വരുന്ന സ്ഥാനാർഥിക്കും പാർട്ടി പ്രവർത്തകർക്കും വോട്ട് കിട്ടുമെന്ന് ഉറപ്പ് കിട്ടി.
അവരോട് ഹിന്ദിയിൽ തന്റെ രാഷ്ട്രീയ പാരമ്പര്യം വിവരിക്കാനും ആവേശമായി.
ആ സമയം, അത്താഴം കഴിഞ്ഞുള്ള ഞങ്ങളുടെ നടത്തം അടുത്തുള്ള സദർ ബസാറിലേക്ക് മാറ്റി. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളും, അതിൽ പ്രസംഗിക്കാനെത്തുന്ന നേതാക്കളെയും സിനിമ സ്റ്റാറുകളെയും എല്ലാം ദൂരെ നിന്ന് ആവേശത്തോടെ നോക്കി നിന്നു.
കുട്ടിക്കാലത്ത് കണ്ടും കേട്ടും രക്തത്തിൽ അലിഞ്ഞു ചേർന്ന തിരഞ്ഞെടുപ്പ് കാലം. രാഷ്ട്രീയത്തിന്റെ അടിഒഴുക്കുകളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും, അനുഭവങ്ങളുടെ പ്രതിധ്വനി എവിടെ ആയാലും രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകൾ മനസ്സിന് ആവേശം പകർന്നു.
ഗ്രാമത്തിൽ ഒരു പാർട്ടി രൂപപ്പെടുന്നതിൽ വലിപ്പക്കും കൂട്ടുകാർക്കും ശേഷം തിരഞ്ഞെടുപ്പടുക്കുമ്പോൾ ഉപ്പയുടെയും മറ്റും ഓട്ടവും ആവേശവും കുട്ടിക്കാലത്ത് ഉള്ളിൽ എവിടെയോ കടന്നുകൂടിയിട്ടുണ്ട്.
“ദൂരത്ത് നിന്ന് കേൾക്കുന്ന മുദ്രാവാക്യങ്ങളും…,
കൂടെ പാടവരമ്പിലൂടെ ഒഴുകി വരുന്ന ജാഥകൾ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോൾ മനസ്സിൽ പതിയുന്ന മുദ്രാവാക്യങ്ങൾ മുറ്റത്തിറങ്ങി നിന്നുകൊണ്ട് കോപ്പി ചെയ്യും…
പിറ്റേന്ന് തുടങ്ങും മുറ്റത്തും പറമ്പിലും സഹോദരങ്ങൾക്കൊപ്പം സംഘടിപ്പിക്കുന്ന കുട്ടി ജാഥകൾ… മുന്നിലോ പിന്നിലോ നടന്നുകൊണ്ട് അവരെ നയിച്ച പ്രവർത്തി പരിചയം എന്നും എവിടെയും പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു.
ഇൻക്വിലാബിനൊപ്പം മനസ്സിൽ പതിഞ്ഞത് എന്നും ഇന്ദിര ഗാന്ധിയും കൈപ്പത്തിയും കോണിയും മാത്രം.
അടുത്തുള്ള അങ്ങാടിയിൽ നടക്കുന്ന പാർട്ടി പരിപാടികളിൽ നിന്നും ഉപ്പയുടെ പ്രസംഗം മൈക്കിലൂടെ കേൾക്കുമ്പോൾ ആ കുഞ്ഞുമനസ്സിൽ അഭിമാനത്തിന്റെ ആവേശം തിരയടിച്ചു. പിന്നീട് അക്ഷരങ്ങൾ പരിചയപ്പെട്ടപ്പോൾ, ഉപ്പ എഴുതി വെക്കുന്ന പ്രസംഗങ്ങൾ മേശപ്പുറത്ത് നിന്ന് കാണാതെ എടുത്ത് വായിക്കും.
തിരഞ്ഞെടുപ്പ് തീരുംവരെ ഉപ്പയ്ക്ക് രാപകൽ ജോലി ആയിരുന്നു. സ്വയം മറന്ന് രാഷ്ട്രീയക്കാരനായി ഓടിയെങ്കിലും, കുടുംബത്തിൽ ആരെയും അതിലേക്ക് ചേർത്തുനിർത്താൻ ഉപ്പാക്കായില്ല. പലപ്പോഴും പരിപാടിക്ക് എത്തുന്ന നേതാക്കൾക്ക് വേണ്ടി പിടയുന്ന പുഴമീൻ പൊരിച്ചതും കറികളും അടങ്ങിയ ഭക്ഷണം ഒരുക്കിക്കൊടുത്തുകൊണ്ട് ഉമ്മയും ഒരു നല്ല രാഷ്ട്രീയ പ്രവർത്തകയായി അടുക്കളയിൽ നിന്നു തിളങ്ങി.
“പാർട്ടിയുടെ ജയപരാജയങ്ങൾ മാത്രം ഉപ്പയോട് ചോദിച്ചറിഞ്ഞു. എതിർ പാർട്ടികളെ തോൽപ്പിക്കാൻ വേണ്ടിയാണ് വോട്ട് എന്നും, ഇതൊരു മത്സരം ആണെന്നും അറിവായത് പോലും സ്വയം വോട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ മാത്രം.
മെമ്പർമാർ കൂടിക്കൊണ്ടിരുന്ന കുടുംബത്തിന്റെ പട്ടിണി തീർക്കാൻ നെട്ടോട്ടമോടുന്ന ബാപ്പ സ്വന്തം പാർട്ടി പ്രവർത്തനത്തിനായി ഓടുന്നതിനും സമയം കണ്ടെത്തി.
ഉപ്പയുടെ പ്രിയപ്പെട്ട നേതാവായിരുന്ന സി.എച്ചിന്റെ പ്രസംഗം കേൾക്കാൻ ദൂരസ്ഥലങ്ങളിൽ പോയി തിരിച്ചു വീട്ടിലെത്തുന്നത് പാതിരാക്ക് കൂരിരുട്ടിനെയും വകവെക്കാതെ ഇടവഴികളും പാടവരമ്പുകളും താണ്ടിക്കൊണ്ടായിരുന്നു.
കുടുംബത്തിന്റെ ഒരു ഉത്തരവാദിത്വം എന്ന രീതിയിൽ ഉപ്പ രാഷ്ട്രീയ കാര്യങ്ങളിൽ തുടർന്നു കൊണ്ടിരിക്കേയാണ് വിവാഹം നടക്കുന്നത്.
കുടുംബത്തിൽ നിന്ന് വേർപെട്ട് രാജ്യം ചുറ്റിക്കൊണ്ട് ജീവിക്കുന്നതിനിടയിൽ മഹാനഗരമായ ഡൽഹിയിലെത്തി. ഡൽഹി കാന്റിൽ മനോഹരമായ ഒരു ഗ്രാമത്തിന്റെ പരിമളം വീശുന്ന പ്രദേശത്തായിരുന്നു അലോട്ട് ചെയ്ത വീട്.
തൊട്ടടുത്തുള്ള അങ്ങാടിയിലെ റേഷൻ കടയിൽ നിന്ന് ലഭിച്ചിരുന്ന നല്ല ഭക്ഷ്യസാധനങ്ങൾ കണ്ടതിനാലാണ് അവിടെ റേഷൻ കാർഡ് ഉടമകളായത്. ഡൽഹിയിൽ റേഷൻ കാർഡ് കിട്ടിയതും, അവിടെ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതും കത്തിലൂടെ അറിഞ്ഞപ്പോൾ വീട്ടിൽ എല്ലാവർക്കും അത്ഭുതമായിരുന്നു.
തിരഞ്ഞെടുപ്പ് ദിനം എത്തി. ഡൽഹി കാന്റ് സദർ ബസാറിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് രണ്ടു വയസ്സുള്ള മകനെയും എടുത്തുകൊണ്ട് അയൽവാസിയായ പഞ്ചാബി ദീദിക്കൊപ്പം പൊള്ളുന്ന ചൂടിൽ നടക്കുമ്പോൾ, സിരകളിൽ വോട്ട് ചെയ്യാനുള്ള ആവേശത്തിനും ചൂടുപിടിച്ചു.
മകനെയും കൊണ്ട് ബൂത്തിന്റെ മുറ്റത്ത് വെയിൽ കൊണ്ട് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അകത്തേക്ക് പ്രവേശനം ലഭിച്ചു. പോളിംഗ് സമയം എത്തി. പേരും നമ്പറും നൽകിയപ്പോൾ, തന്റെ പേരിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ആരാണ് ചെയ്തത് എന്നറിയില്ല!
“കള്ളവോട്ട്” എന്ന വാക്ക് കേട്ടുകേൾവി പോലും ഇല്ലായിരുന്നു…
ഇനി മുന്നിൽ വന്നു നിൽക്കുന്ന സ്ത്രീ തന്നെയാണോ കള്ളവോട്ട് ചെയ്യാൻ എത്തിയതെന്ന് തോന്നിക്കുന്ന രീതിയിൽ സീറ്റുകളിൽ നിന്നെത്തുന്ന തുറിച്ചുനോട്ടങ്ങൾ ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങി.
അല്ലെന്ന് പറയാൻ ആ കൂട്ടത്തിൽ ഒരിക്കൽ പോലും കണ്ടു പരിചയം ഉള്ളവരില്ല. അന്യനാട്ടിൽ പോളിംഗ് ബൂത്തിലെയും പുറത്തു കാത്തുനിൽക്കുന്നവരുടെയും മുന്നിൽ ആരാണ് ശരിയെന്ന് സംശയങ്ങൾ കേട്ട് അപരാധിയായി നിന്നുകൊണ്ട് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോൾ ഉറക്കെ കരയണമെന്നായിരുന്നു തോന്നിയത്.
“രാജീവ് ഗാന്ധിയുടെ വിയോഗം മുറിപ്പെടുത്തിയ വേദന മനസ്സിൽ പച്ചയായി നിൽക്കുന്ന സമയമാണ്. അദ്ദേഹത്തോടുള്ള സ്നേഹം വോട്ട് രൂപത്തിൽ കൈപ്പത്തിയിൽ കുത്തിക്കൊണ്ട് നൽകാനുള്ള അവസരം നഷ്ടമായ സങ്കടത്തിൽ അവിടെ തരിച്ചു നിന്നു.
വാതിലിലേക്ക് തിരിച്ചു നടക്കാതെ നിൽക്കുന്നത് കണ്ടതുകൊണ്ടാകാം ആ ഓഫീസർ ഒരു പോംവഴി പറഞ്ഞത്:
“റേഷൻ കാർഡ് കാണിച്ചാൽ വോട്ട് ചെയ്യാം.”
വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന റേഷൻ കാർഡ് എടുത്തുകൊണ്ട് പൊരി വെയിലത്ത് രണ്ടു കിലോമീറ്ററോളം നടന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക് പോകാൻ, മൂത്ത സഹോദരിയെ പോലെ എപ്പോഴും അടുത്ത് നിന്നിരുന്ന “രേഖ കി മമ്മി” നിരുത്സാഹപ്പെടുത്തി. ആ ദീദി പറഞ്ഞതൊന്നും ചെവിയിൽ കയറിയില്ല.
ചുറ്റുമുള്ള അന്തരീക്ഷത്തിലെ ചൂടിനെക്കാൾ ചൂട് സിരകളിൽ അപ്പോൾ ഓടുന്ന ചോരക്കുണ്ടായിരുന്നു.
മകനെ താഴെ വെക്കാതെ ബൂത്തിൽ തിരിച്ചു ചെന്നപ്പോൾ, വോട്ട് ചോദിച്ചു വീട്ടിൽ വന്ന സ്ഥാനാർഥിയുടെ മുഖത്ത് അത്ഭുതം നിഴലിച്ചു. സ്വന്തം വോട്ട് കയ്യൊപ്പായി നൽകി. അവർ അത് പ്രത്യേക കവറിൽ ഇട്ട് ഒട്ടിച്ചു വാങ്ങി.
തിരിച്ചു നടക്കുമ്പോൾ ഉച്ചവെയിലേറ്റ് വാടിയ മകൻ തോളിൽ കിടന്ന് ഉറങ്ങി.
വീടിനു മുന്നിലെത്തിയപ്പോൾ മുകളിലെ നിലയിൽ താമസിക്കുന്ന “രേഖ കി മമ്മി” ജനലിലൂടെ റോഡിലേക്ക് നോക്കി നിൽക്കുകയായിരുന്നു.
സ്വെറ്റർ നെയ്തുകൊണ്ട് എപ്പോഴും അടുത്ത് വന്നിരുന്ന “രേഖ കി മമ്മിയെ” കേരള വിഭവങ്ങൾ എല്ലാം രുചിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അക്ഷരഭ്യാസമില്ലാത്തതിൽ ദുഃഖിച്ചിരുന്ന അവരെ രണ്ട് അക്ഷരം പഠിപ്പിക്കാൻ പോലും ശ്രമിച്ചില്ല.
സത്യം അതല്ല; സ്വന്തം സമയം എന്തിന്, എങ്ങനെ, ആർക്കുവേണ്ടി ചിലവഴിക്കണം എന്ന അറിവിന്റെ വെളിച്ചം കണ്ടെത്തിയിരുന്നില്ല.
ആർക്കൊക്കെയോ വേണ്ടി ചിലവഴിച്ചുകൊണ്ട് മുന്നിൽ വന്ന് മാടി വിളിച്ചുകൊണ്ടിരുന്ന അറിവിനെ അവഗണിച്ചതിൽ സ്വന്തത്തോട് ഇന്നും സഹതപിക്കുന്നു.
ദീദി ഇന്ന് ജീവിച്ചിരിക്കുകയാണെങ്കിൽ എന്നോട് പൊറുക്കുക. ഇല്ലെങ്കിൽ സ്നേഹമുള്ള ആത്മാവിനോട് ക്ഷമ ചോദിക്കുന്നു.
കാലം മാറി; കള്ളവോട്ടുകളുടെ രൂപഭാവങ്ങളും…
#നഫീസ
10/03/2026
കുടുംബബന്ധങ്ങളിലെ 'നാർസിസിസം' - നിശബ്ദമായി പടരുന്ന വിഷം “
-----------------
കുട്ടികൾക്ക് വേണ്ടി മാത്രമല്ല, കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിക്കുന്നവരും രക്ഷിതാക്കളിലുണ്ട്. എന്നാൽ, അറേഞ്ച്ഡ് മാര്യേജ് കഴിഞ്ഞ് കാലങ്ങൾ ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോഴാണ് ചില ദമ്പതികൾക്കിടയിൽ വിയോജിപ്പുകൾ കണ്ടുതുടങ്ങുന്നത്.
ബന്ധങ്ങളിലെ അകലം കൂടുമ്പോഴും കുട്ടികളുടെ എണ്ണം വർദ്ധിച്ചേക്കാം. എന്നാൽ കുട്ടികൾ വളർന്നു കഴിയുമ്പോഴായിരിക്കും രണ്ടുപേരും വിഭിന്നമായ ലക്ഷ്യങ്ങളുള്ളവരാണെന്ന് വ്യക്തമാകുന്നത്.
മുഖംമൂടി അണിയുന്നവർ:
വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങുന്ന രക്ഷിതാക്കൾക്കിടയിൽ ശ്വാസംമുട്ടുന്ന കുട്ടികളോട് രണ്ടുപേരും പറയും: "ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്" അല്ലെങ്കിൽ "ഇയാളുടെ/ഇവളുടെ കൂടെ വേറെ ആര് ജീവിക്കും?" ഇങ്ങനെ പറയുന്നവർ പലപ്പോഴും നാർസിസിസ്റ്റുകളായ (Narcissists) പങ്കാളികളായിരിക്കും. പുറംലോകത്തിന് മുന്നിൽ അവർ മാതൃകാദമ്പതികളായി അഭിനയിച്ചെന്നും വരാം.
അരക്ഷിതാവസ്ഥയിലാകുന്ന മക്കൾ:
യഥാർത്ഥത്തിൽ ഒരു നാർസിസിസ്റ്റിന് കുടുംബത്തിന്റെ മാനഭിമാനത്തിലോ കെട്ടുറപ്പിലോ യാതൊരു താല്പര്യവുമുണ്ടാകില്ല. രക്ഷിതാക്കളിൽ ഒരാളുടെ ഇത്തരം സ്വഭാവവൈകല്യങ്ങൾ വളർന്നുവരുന്ന മക്കളിൽ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കുടുംബത്തെ ബാലൻസിൽ കൊണ്ടുപോകേണ്ടവരിൽ ഒരാൾ സ്വയം ഇളകിമാറാൻ ശ്രമിക്കുമ്പോൾ മറുഭാഗത്തുള്ള ആളിന്റെ ഭാരം കൂടുന്നു.
തളിരില കടിച്ചെടുക്കുന്ന കന്നുകാലികൾ:
നാം കരുതലോടെ നട്ടുനനയ്ക്കുന്ന ചെടികൾക്ക് അരികിൽ കെട്ടിയിടുന്ന കന്നുകാലികൾ ആ ചെടിയെ വളരാൻ അനുവദിക്കാതെ തളിരിലകൾ കടിച്ചുപറിക്കുന്നത് പോലെയാണിത്. ഉറപ്പില്ലാത്ത കുടുംബത്തിന് ചുറ്റും കണ്ണെറിഞ്ഞു നിൽക്കുന്നവർ അവിടെനിന്നും പലതും മുതലെടുക്കാൻ ശ്രമിക്കും. നാർസിസിസ്റ്റായ പങ്കാളിയുടെ ആത്മപ്രശംസ പലപ്പോഴും ഇതിന് സഹായകമാകാറുണ്ട്.
സ്വന്തം ഇമേജ് മാത്രം പ്രധാനം:
നാർസിസിസ്റ്റുകൾ അവർ സൃഷ്ടിച്ച സ്വന്തം 'ശരികളിൽ' മാത്രം ജീവിക്കുന്നവരാണ്. കുടുംബവും ബന്ധങ്ങളുമെല്ലാം അവർക്ക് സ്വന്തം ആവശ്യങ്ങൾക്കുള്ള ഉപാധികൾ മാത്രമാണ്. തകരുകയാണെങ്കിൽ അത് പങ്കാളിയുടെ കുറ്റം കൊണ്ടും, വിജയിക്കുകയാണെങ്കിൽ അത് തന്റെ മഹത്വം കൊണ്ടുമാണെന്ന് ഇവർ സ്ഥാപിക്കും. സ്തുതി പാടുന്നവർക്ക് കൂലി നൽകി കൂടെ നിർത്താൻ ഇവർക്ക് മടിയുണ്ടാവില്ല.
ക്യാൻസർ ഒരു വ്യക്തിയെ ഇഞ്ചിഞ്ചായി നശിപ്പിക്കുമ്പോൾ, നാർസിസിസ്റ്റുകൾ കൂടെയുള്ളവരെയും വരുംതലമുറകളെയും കൂടിയാണ് നശിപ്പിക്കുന്നത്!
ചിലർക്ക് ഇങ്ങനെയും രണ്ടു ജീവിതം ഉണ്ടാകും. ഒന്ന് പുറത്തു കാണുന്നതും മറ്റത് അവർ ഇഷ്ടപ്പെടുന്നവർ കാണാതിരിക്കാൻ ഒറ്റയ്ക്ക് സഹിക്കുന്നതും.
Alerts
Be the first to know and let us send you an email when Nafeesa Jannat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Subscribe
We will notify you when anything happens in Malappuram.